മണിപ്പുരിൽനിന്ന് വീണ്ടും ഞെട്ടിയ്ക്കുന്ന വീഡിയോ; ലൈംഗികാതിക്രമം കാട്ടിയ ജവാന് സസ്‌പെൻഷൻ,കേസ്
ന്യൂഡല്‍ഹി: വംശീയ കലാപം നടന്ന മണിപ്പുരിലെ പലവ്യഞ്ജനക്കടയില്‍വച്ച് അതിര്‍ത്തിരക്ഷാ സേനയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതേത്തുടര്‍ന്ന് ജവാനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണിത്.
തോക്കേന്തിയ ജവാന്‍ യുവതിയോട് അതിക്രമം കാട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സതീഷ് പ്രസാദ് എന്നയാളാണ് ദൃശ്യങ്ങളിലുള്ള ജവാനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലായ് 20-ന് ഒരു പെട്രോള്‍ പമ്പിന് സമീപമുള്ള കടയില്‍വച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം. ജവാനെ സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ പ്രഥാമിക അന്വേഷണം നടത്തിയശേഷമാണ് ജവാനെ സസ്‌പെന്‍ഡ് ചെയ്തത്.
കലാപത്തിനിടെ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടും അനങ്ങാതിരുന്ന പോലീസ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് ജവാന്‍തന്നെ ലൈംഗികാതിക്രമം കാട്ടുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുള്ളത്.