കോഴിക്കോട്: കൊവിഡ് ഭീതിക്കിടെ കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. മലയോര മേഖലകളില്‍ നിന്നാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഒറ്റമൂലി പരീക്ഷിക്കാതെ അശുപത്രികളില്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കുന്ദമംഗലം, ചങ്ങരോത്ത്, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. മഞ്ഞപിത്തം പിടിപെട്ട ആളുകളില്‍ നിന്ന് രോഗം മറ്റുള്ളവരിലേ്ക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ കഴിഞ്ഞ് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണെന്ന് ഡി.എം.ഒ ജയശ്രീ അറിയിച്ചു. അവര്‍ക്കായി വീട്ടില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞ നിറം തുടങ്ങിയവയണ് രോഗ ലക്ഷണങ്ങള്‍. രോഗവ്യാപനം തടയുവാനായി കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം തുടങ്ങിയവ പാലിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക, സ്വയം ചികിത്സയ്ക്ക് വിധേയരാകാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 27 പേര്‍ കൊവിഡ് 19 രോഗമുക്തി നേടിയിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ 24 പേരും, എറണാകുളം മലപ്പുറം കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് ഏഴു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശികളായ നാല്പ പേര്‍ക്കും കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്കും കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.