KeralaNews

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. വിവാദവുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ സംശയങ്ങളും ദൂരികരിക്കപ്പെടണമെന്നും സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. ‘സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സ്വപ്നയുടെ ഐടി വകുപ്പുമായി ബന്ധമുള്ള പദവിയാണ് ആരോപണത്തിന് കാരണമായതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാഹചര്യം പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കി.

രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ്ണക്കടത്ത് സംഭവത്തോട് താരതമ്യം ചെയ്യുന്ന സോളാര്‍ വിവാദത്തില്‍ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്താല്‍ മനസിലാക്കാനാകും. പലരേയും അവസാന ഘട്ടംവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാല്‍തന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button