ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജംഷേദ്പുര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ജംഷേദ്പുര്‍ സെമിയിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി.
ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറ് പോയന്റുമായി ജംഷേദ്പുരാണ് ഒന്നാമത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റിനെ തോല്‍പ്പിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന് ഇനി ജംഷേദ്പുരിനെ മറികടക്കാനാകില്ല. അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം ജംഷേദ്പുരിന്റെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും പോയന്റുകള്‍ തുല്യമായാല്‍ തമ്മില്‍ കളിച്ചപ്പോഴുള്ള മത്സരഫലമാകും സെമി ബര്‍ത്തിന് പരിഗണിക്കുക.
ഡാനിയല്‍ ചിമ ജംഷേദ്പുരിനായി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും ദിമിത്രിയോസ് ഡിയാമാന്റക്കോസിന്റെ വകയായിരുന്നു. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ബ്ലാസ്‌റ്റേഴ്‌സാണ്. 28-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഡയ്‌സുകെയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ഡിയാമാന്റക്കോസാണ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 33-ാം മിനിറ്റില്‍ ഡാനിയല്‍ ചിമയിലൂടെ ജംഷേദ്പുര്‍ ഒപ്പമെത്തി. ആദ്യപകുതി ഇതേ സ്‌കോറില്‍ അവസാനിച്ചു.
പിന്നാലെ 57-ാം മിനിറ്റില്‍ ഡാനിയല്‍ ചിമ തന്റെ രണ്ടാം ഗോളും നേടി. സ്‌റ്റെവാനോവിച്ച് നല്‍കിയ പാസ് ചിമ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 60-ാം മിനിറ്റില്‍ ചിമയുടെ ഫൗളിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി രണ്ടാം പെനാല്‍റ്റി ലഭിച്ചു. ഇത്തവണയും ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെ മറികടന്ന ഡിയാമാന്റക്കോസ് 62-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 68-ാം മിനിറ്റില്‍ ചിമയെ ലെസ്‌കോവിച്ച് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്ക് വലയിലെത്തിച്ച മന്‍സോറോ ജംഷേദ്പുരിന്റെ മൂന്നാം ഗോള്‍ കുറിച്ചു.
സമനില ഗോളിനായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളൊന്നും പിന്നീട് ഫലം കണ്ടില്ല. ഇന്‍ജുറി ടൈമില്‍ ലെസ്‌കോവിച്ചിനെതിരായ ഫൗളിന് ചിമ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. പക്ഷേ പിന്നീടുള്ള മിനിറ്റുകളിലും സമനില ഗോള്‍ കണ്ടെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല.