ചെന്നൈ:രജനികാന്ത് നായകനായ ജയിലർ രാജ്യമെമ്പാടും മികച്ച കളക്ഷനാണ് നേടുന്നത്. നാലാം വാരം പിന്നിട്ടപ്പോൾ ചിത്രം തമിഴ്‌നാട്ടിൽ റെക്കോർഡിന് അരികിലാണ്. 180 കോടിയോളം രൂപ നേടിയ ജയിലർ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കമൽ ഹാസന്റെ വിക്രമിനെ മറികടന്നാണ് ചിത്രം രണ്ടാം സ്ഥാനത്തെത്തിയത്. വരും ദിവസങ്ങളിൽ തന്നെ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ കളക്ഷൻ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ജയിലർ ഇതുവരെ ആഗോള തലത്തിൽ 600 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ആദ്യ വാരത്തിൽ 375 കോടിയും രണ്ടാം വാരത്തിൽ 150 കോടിയും മൂന്നാം വാരത്തിൽ 75 കോടിയ്ക്ക് മുകളിലുമാണ് സിനിമയുടെ ആഗോള കളക്ഷൻ. തമിഴ് സിനിമകളിൽ തന്നെ 600 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാം ചിത്രമാണ് ജയിലർ. രജനികാന്ത്-ശങ്കർ ടീമിന്റെ 2.0 ആണ് ഇതിന് മുമ്പ് 600 കോടി ക്ലബിലെത്തിയ തമിഴ് ചിത്രം.
അതേസമയം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജയിലർ 2 ഒരുക്കാനുള്ള പദ്ധതി മനസിലുണ്ടെന്നും ജയിലറിനൊപ്പം ബീസ്റ്റ്, ഡോക്ടർ, കൊലമാവുകോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട് എന്നും നെൽസൺ പറഞ്ഞു. വിജയ്, രജനികാന്ത് എന്നിവർ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട് എന്നും സംവിധായകൻ പറഞ്ഞതായായി കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.