തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ജയില്‍ ചാടിയത്. ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് ഇക്കാര്യം ജയില്‍ അധികൃതര്‍ അറിയുന്നത്.
ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്ത് വന്നിരുന്നത്. രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. അലക്കു യന്ത്രത്തില്‍ ഒരു ഗാര്‍ഡ് മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളു എന്നാണ് അറിയുന്നത്. ഗാര്‍ഡിനെ വെട്ടിച്ചു പുറത്തിറങ്ങിയ ഹുസൈന്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഒരു കൊലക്കേസിലെ പ്രതിയാണ് ഇയാള്‍.
ഇയാള്‍ക്കായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം തന്നെ ജാഹിര്‍ ഹുസൈന്‍ മുമ്പ് ഇത്തരത്തില്‍ ഒരു ദൗത്യത്തിന് തുനിഞ്ഞിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം.