ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു
ന്യൂഡൽഹി: മലങ്കര സഭയുടെ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് (60) കാലം ചെയ്തു. ഉച്ചയ്ക്ക് 12.50 ഓടെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിതനായ ശേഷം അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തുടർന്ന് കോവിഡാനന്തര അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
2007-ലാണ് അദ്ദേഹം മലങ്കര സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി സ്ഥാനമേറ്റത്. 2015-ൽ ഗുരുഗ്രാം ഭദ്രാസനാധിപനായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കോവിഡ് കാലത്തും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2010 മുതൽ തുടങ്ങിയ തെരുവിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി.