നീറുന്ന വിഷയമായിരുന്നു അത്; സ്വന്തം അച്ഛന്റെ അനുഭവത്തിൽ നിന്നാണ് ശ്രീനിവാസൻ ആ കഥ എഴുതിയത്: സത്യൻ അന്തിക്കാട്
കൊച്ചി:മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. കുടുംബ പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്ന നിരവധി ഹിറ്റ് സിനിമകളാണ് ഈ ജോഡി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം നർമ്മത്തിൽ പൊതിഞ്ഞവ ആയിരുന്നു. അതുകൊണ്ട് തന്നെ അവയ്‌ക്കെല്ലാം ഇന്നും പ്രേക്ഷകർ ഏറെയാണ്.
അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളാണ് വരവേൽപ്, സന്ദേശം, നാടോടിക്കാറ്റ്, എന്നിവയെല്ലാം. മോഹൻലാൽ, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു വരവേൽപ് പ്രേക്ഷകാർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ കഥ ഒരു വെറും കഥയല്ലെന്നും അത് ശ്രീനിവാസന്റെ ജീവിതത്തിൽ നിന്ന് അടർത്തി എടുത്തത് ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ.
ശ്രീനിവാസൻ തന്നോട് പറഞ്ഞ കഥയിൽ തമാശകൾ ചാലിച്ച് സിനിമ ആക്കുകയായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തന്റെ പഴയതും പുതിയതുമായ സിനിമകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.
‘സന്ദേശം എന്ന സിനിമയോട് എതിർപ്പുള്ളവർ വളരെ കുറച്ചേ ഉണ്ടാവുകയുള്ളു. അതിലെ നർമ്മം ആസ്വദിക്കാൻ കൂടുതൽ പേർക്കും സാധിച്ചു എന്നത് കൊണ്ടാണ് പുറത്തിറങ്ങി 32 വർഷങ്ങൾക്ക് ശേഷവും ആ സിനിമ ഓർമിക്കപ്പെടുന്നത്. വരവേല്പ് എന്ന സിനിമയും കൈകാര്യം ചെയ്തത് നീറുന്ന വിഷയമാണ്. സ്വന്തം അനുഭവത്തിൽ നിന്ന് ശ്രീനിവാസൻ മെനഞ്ഞെടുത്തതാണ് അതിന്റെ ഇതിവൃത്തം,’
‘വാസ്തവത്തിൽ ഒരു കഥയായല്ല ശ്രീനി അത് എന്നോട് പറഞ്ഞത്. ഒരു തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അച്ഛൻ കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു ബസ് വാങ്ങിയപ്പോൾ പെട്ടെന്ന്, മുതലാളിയായി മുദ്രകുത്തപ്പെട്ടതും അതിന്റെ പേരിൽ തൊഴിലാളികളും യൂണിയൻകാരുമൊക്കെ ചേർന്ന് അദ്ദേഹത്തെ കുത്തുപാള എടുപ്പിച്ചതുമായിരുന്നു യഥാർഥ സംഭവം,’
‘അത് കേട്ടപ്പോൾ അതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അത് പറഞ്ഞപ്പോൾ, അതൊരു ഗൗരവമേറിയ വിഷയമായി അവതരിപ്പിച്ചാൽ ശരിയാവില്ല, നമുക്കിതിനെ തമാശ കൊണ്ടു പൊതിയാമെന്ന് ശ്രീനി പറഞ്ഞു. അങ്ങനെ അത് പൊതിഞ്ഞു. മോഹൻലാലിന്റെ മുരളിയെ കണ്ട് ജനം പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിലൂടെ ആ സന്ദേശം പ്രേക്ഷകമനസിൽ പതിയുകയും ചെയ്തു,’ സത്യൻ അന്തിക്കാട് പറഞ്ഞു.
തന്റെ മറ്റു സിനിമകളും നർമ്മത്തിലൂടെ ഗൗരവമേറിയ വിഷയങ്ങൾ പറഞ്ഞതാണെന്ന് സത്യൻ അന്തിക്കാട് ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരുടെ ഗതികേടിന്റെ കഥയായിരുന്നു നടോടിക്കാറ്റ്. സ്വന്തം കാമുകി താമസിക്കുന്ന കോളനിയിൽ ഒരു ഗൂർഖയായി വേഷമിടേണ്ടി വന്ന ചെറുപ്പക്കാരന്റെ ധർമസങ്കടമാണ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്. കടംകൊണ്ട് നിൽക്കക്കള്ളിയില്ലാതെ വലയുന്ന ഒരു പാവം ഹൗസ് ഓണറുടെ കഥയായിരുന്നു സന്മസ്സുള്ളവർക്ക് സമാധാനമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഒടുവിലായി ചെയ്‌ത ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഉൾപ്പെടെയുള്ള തന്റെ പല സിനിമകളും പറയുന്നത് ഗൗരവമുള്ള വിഷയങ്ങളാണ്. ഹാസ്യത്തിന്റെ പരിവേഷം നൽകി അവ അവതരിപ്പിച്ചതു കൊണ്ടാണ് കാണികൾക്ക് അതൊക്കെ ഇഷ്ടമായതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
മകൾ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ജയറാമും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളായ ചിത്രം എന്നാൽ വിജയിച്ചിരുന്നില്ല. അതിന് മുൻപ് ഇറങ്ങിയ ഞാൻ പ്രകാശൻ ഫഹദ് ഫാസിലിന്റെ പ്രകടന മികവിൽ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. മമ്മൂട്ടി, മീര ജാസ്മിൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ സത്യൻ അന്തിക്കാടിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അതേസമയം, ഞാൻ പ്രകാശൻ ആയിരുന്നു ശ്രീനിവാസൻ അവസാനമായി എഴുതിയ ചിത്രം. രോഗ ബാധിതനായി ചകിത്സയിൽ ആയിരുന്ന നടൻ കുറുക്കൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എഴുത്തുക്കാരനായുള്ള നടന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.