ബെംഗളൂരു: ജനാധിപത്യത്തിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കും ഈശ്വരനും നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ലണ്ടനിലെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങളുയരുന്നത് നിര്‍ഭാഗ്യകരമാണ്.
ഈ വ്യക്തികള്‍ ഭഗവാന്‍ ബസവേശ്വരയേയും കര്‍ണാടകയിലേയും ഇന്ത്യയിലേയും ജനങ്ങളെയാണ് അപമാനിക്കുന്നത്. ഇത്തരം വ്യക്തികളില്‍ നിന്ന് കര്‍ണാടക അകലം പാലിക്കേണ്ടതുണ്ട്”. കര്‍ണാടക സന്ദര്‍ശനത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കവെ മോദി പറഞ്ഞു.
“ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ കുറിച്ച് ലോകം മുഴുവനും പഠനം നടത്തുന്നു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമല്ല മറിച്ച് ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് മറ്റു പല കാര്യങ്ങളേയും മുന്‍നിര്‍ത്തി നമുക്ക് പറയാനാകും
. നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഒരു ശക്തിയ്ക്കും സാധ്യമല്ല. എങ്കിലും ചില വ്യക്തികളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള നിരന്തരശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്”, പരോക്ഷമായി രാഹുലിനെ പരാമര്‍ശിച്ച് മോദി കൂട്ടിച്ചേര്‍ത്തു.
കേംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. താനുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും രാഹുല്‍ പറഞ്ഞു.
തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ രാജ്യത്തിന് പുറത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു.