
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് പ്രമുഖ രാഷ്ട്രീയനേതാവിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെ നടിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ. സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടി രൂപ പണമായും കണ്ടെടുത്തത്.
നടിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് രാഷ്ട്രീയനേതാവിലേക്കും വിരല്‍ചൂണ്ടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ നിര്‍ദേശപ്രകാരമാണ് നടി ഇത്രയുംതുകയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നതെന്നാണ് സൂചന. എന്നാല്‍, ഈ നേതാവ് ആരാണെന്നോ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങളോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുബായില്‍നിന്ന് 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് നടി രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം അറസ്റ്റ് ചെയ്തത്. ബെല്‍റ്റിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് നടി സ്വര്‍ണക്കട്ടികള്‍ കടത്തിയത്. രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ. സംഘം നടിയെ പരിശോധിച്ചത്. തുടര്‍ന്ന് സ്വര്‍ണം കണ്ടെടുത്തതോടെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ നടിയെ മാര്‍ച്ച് 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതേസമയം, കേസില്‍ റിമാന്‍ഡിലായ നടി രന്യ റാവു ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ജാമ്യഹര്‍ജി ഫയല്‍ചെയ്തത്. നടിയെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഡി.ആര്‍.ഐ.യും കോടതിയെ സമീപിക്കും.