ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴുവാക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠ ഭാഗങ്ങള്‍ മാറ്റിയതിന്റെ പിന്നില്‍ ദുരുദ്ദേശമൊന്നുമില്ലെന്നും സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയതാണെന്നും എന്‍സിഇആര്‍ടി പറഞ്ഞു.
ഭാഗങ്ങള്‍ ഒഴിവാക്കിയത് കഴിഞ്ഞ വര്‍ഷമാണമാണെന്നും ഈ വര്‍ഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും എന്‍സിആര്‍ടി കൂട്ടിച്ചേര്‍ത്തു. എന്‍സിആര്‍ടിസി ഡയറക്ടര്‍ ദിനേഷ് സക്ലാനിയാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ‘ചില ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ വിഷയ വിദഗ്ധ സമിതിയാണ് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു മാറ്റം കൊണ്ടുവന്നത്. ഒറ്റരാത്രികൊണ്ട് ഒന്നും ഒഴിവാക്കാനാകില്ല. ഇതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ല.’ ദിനേഷ് സക്ലാനി വ്യക്തമാക്കി.
ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ചത്, ഗാന്ധിയോട് ഹിന്ദു തീവ്രവാദികള്‍ക്ക് വെറുപ്പായിരുന്നു, ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്‌സെ പൂനയില്‍ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്നീ ഭാഗങ്ങളാണ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയത്. പന്ത്രണ്ടാം ക്ലാസ് പുസ്തകത്തില്‍ നിന്നാണ് പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഈ ഭാഗങ്ങള്‍ രാഷ്ട്രമീമാംസ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പഠഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്‍സിആര്‍ടി പുറത്തിറക്കാറുള്ള കുറിപ്പില്‍ പക്ഷെ പന്ത്രണ്ടാം ക്ലാസിലെ പാഠഭാഗങ്ങള്‍ മാറ്റിയതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്‍സിആര്‍ടിസി പാഠ പുസ്തകത്തില്‍ നിന്നും മുഗള്‍ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.