തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണ്‍ ബാലചന്ദ്രനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്യാന്‍ ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരം സെക്രട്ടറിയേറ്റില്‍ നിന്ന് വിളിച്ചത് അരുണ്‍ ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരം ഫ്ലാറ്റ് താന്‍ ബുക്ക് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വാട്സാപ്പ് സന്ദേശവും ഇന്നലെ പുറത്തു വിട്ടിരുന്നു. അരുണും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് പുറത്തു വന്നതിനു പിന്നലെയാണ് നടപടി. അരുണ്‍ ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മറ്റി ഡയറക്ടറായിരുന്നു.
നേരത്തേ ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ തന്നെ ഐടി ഫെല്ലോ ആയിരുന്നല്ലോ എന്ന ചോദ്യം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. എത്ര ഉന്നതനായാലും തെറ്റ് ചെയ്താല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.