ഗാസയിലേയ്ക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം നിർത്തിവെച്ച് ഇസ്രയേൽ; വൻ വിലക്കയറ്റം, ക്ഷാമം

ജെറുസലേം: ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അവശേഷിക്കുന്ന വസ്തുക്കള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍.
പതിനാറുമാസത്തിലധികം നീണ്ട യുദ്ധത്തിന് പിന്നാലെ ഗാസയിലെ ഇരുപതുലക്ഷത്തോളം വരുന്ന ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് പുറത്തുനിന്നെത്തുന്ന ഭക്ഷണത്തെയും മറ്റ് അവശ്യവസ്തുക്കളെയുമാണ്. വീടുകള്‍ നഷ്ടമായതിനാല്‍ ഭൂരിഭാഗം പേരും അഭയകേന്ദ്രങ്ങളിലാണ്. ആശുപത്രികള്‍, ജലപമ്പുകള്‍, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, സഹായവിതരണത്തിനുള്ള ട്രക്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിന് ഇന്ധനവും ആവശ്യമുണ്ട്.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍, എത്തിയ ഭക്ഷണവസ്തുക്കള്‍ മുഴുവന്‍ വിതരണം ചെയ്തതിനാല്‍ ഗാസയില്‍ വലിയതോതില്‍ നീക്കിയിരിപ്പില്ലെന്ന് യു.എന്നിന്റെ ഫുഡ് ഏജന്‍സി- വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് കൂടിയുള്ള കരുതല്‍ശേഖരമേ ഉള്ളൂവെന്നും അവര്‍ വ്യക്തമാക്കുന്നു. പച്ചക്കറികളുടെയും ധാന്യമാവിന്റെയും വില ഗാസയില്‍ കുതിച്ചുയരുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉപരോധമെന്ന് ഇസ്രയേല്‍ പറയുന്നു. ഹമാസുമായി എത്തിച്ചേര്‍ന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ ഗാസയ്ക്കുള്ള സഹായം തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ദം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നും ഹമാസ് കരാര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തപക്ഷം ഗാസയിലേക്കുള്ള വൈദ്യുതിവിതരണം പൂര്‍ണമായി തടയാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞിരുന്നു.