മുംബൈ: പ്ലേ ഓഫിലെ വിവാദഗോളുയര്‍ത്തിയ അലയൊലികള്‍ക്ക് ശേഷം ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം.
പകരക്കാരനായി ഇറങ്ങി 78-ാം മിനിറ്റിലെ കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ച് സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്. സീസണില്‍ ബെംഗളുരുവിന്റെ തുടര്‍ച്ചയായ 10-ാം ജയമാണിത്.
ലീഗ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിന്നേഴ്‌സ് ഷീല്‍ഡ് ജേതാക്കളായ മുംബൈക്ക് പക്ഷേ സ്വന്തം മൈതാനത്ത് ബെംഗളൂവിന്റെ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് മികച്ച നീക്കങ്ങള്‍ നടത്തിയ ബെംഗളൂരു പലപ്പോഴായി മുംബൈ ഗോള്‍കീപ്പര്‍ പുര്‍ബ ലാചെന്‍പയെ പരീക്ഷിച്ചു.
യോര്‍ഗെ പെരെയ്‌ര ഡിയാസും ബിപിന്‍ സിങ്ങും ഗ്രെഗ് സ്റ്റീവര്‍ട്ടും ലാലിയന്‍സുല ചാങ്‌തെയുമടങ്ങിയ മുംബൈ മുന്നേറ്റത്തെ കൃത്യമായി പിടിച്ചുകെട്ടാന്‍ യൊവാനോവിച്ച്, സന്ദേശ് ജിംഗാന്‍, ബ്രൂണോ എഡ്ഗര്‍ റാമിറസ് സഖ്യത്തിന് സാധിച്ചതോടെ അവരുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. 78-ാം മിനിറ്റില്‍ ഗോള്‍വീണ ശേഷമാണ് മുംബൈ അല്‍പമൊന്ന് ഉണര്‍ന്ന് കളിച്ചത്. ഇതിനിടെ ഇന്‍ജുറി ടൈമില്‍ രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഛേത്രി നഷ്ടപ്പെടുത്തി.