ബാംഗ്ലൂര്‍ ഡേയ്‌സില്‍ എന്റെ കഥാപാത്രം അതായിരുന്നില്ല; വെളിപ്പെടുത്തലുമായി നടി ഇഷ തല്‍വാര്‍
അഞ്ജലി മേനോന്‍ യുവതാരനിരകളെ അണിനിരത്തി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രം ബോക്സ് ഓഫീസിലും വന്‍ ഹിറ്റായിരിന്നു. തട്ടത്തിന്‍മറയത്തിലെ അയിഷയായി ആരാധകരുടെ മനംകവര്‍ന്ന നടി ഇഷ തല്‍വാറിന്റെ മീനാക്ഷി എന്ന കഥാപാത്രവും സിനിമയ്ക്കൊപ്പം പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ തനിക്കായി ഒരുക്കിവെച്ച കഥാപാത്രം അതായിരുന്നില്ലെന്നും മീനാക്ഷിയെന്ന കഥാപാത്രത്തെ താന്‍ ചോദിച്ചുവാങ്ങുകയായിരുന്നു എന്നുമാണ് ഇഷ തല്‍വാര്‍ വെളിപ്പെടുത്തിയത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.
‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്ക് ആദ്യം ലഭിച്ചത്. എന്നാല്‍ മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ‘ഐലവ് ദാറ്റ് തേപ്പുകാരി’. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി.
ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തില്‍ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാന്‍ സഹായിച്ചത് സീരിസിലെ അഭിനയമാണ്. അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ആയിരിക്കും ചെയ്യുക എന്നത്- ഇഷ പറഞ്ഞു.
2012ലാണ് വിനീത് ശ്രീനീവാസന്റെ തട്ടത്തിന്‍മറയത്തിലൂടെ ഇഷ തല്‍വാര്‍ മലയാളത്തില്‍ എത്തുന്നത്. അയിഷ എന്ന ‘ഉമ്മച്ചിക്കുട്ടി’യുടെ കഥാപാത്രം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ നിവിന്റെ കഥാപാത്രം ആദ്യമായി മീനാക്ഷിയെ കാണുന്ന രംഗത്തില്‍ തട്ടത്തിന്‍ മറയത്തിലെ ഏറെ ഹിറ്റായ ‘അനുരാഗത്തിന്‍ വേളയില്‍’ എന്ന ഗാനത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറായിരുന്നു ഉപയോഗിച്ചത്.
ബോളിവുഡില്‍ 30 വര്‍ഷങ്ങളായി സംവിധായകനും നിര്‍മ്മാതാവും അഭിനേതാവുമായി നിലകൊള്ളുന്ന വിനോദ് തല്‍വാറിന്റെ മകളാണ് ഇഷാ തല്‍വാര്‍. 2000 ല്‍ ഹമാര ദില്‍ ആപ്കെ പാസ് ഹേ എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഇഷ സിനിമാ രംഗത്തെക്കെത്തിയത്. മോഡലിംഗ് രംഗത്തും സജീവമാണ് ഇഷ തല്‍വാര്‍.