ബാധ ഒഴിപ്പിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തില്‍ വച്ചു; 40കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചതിനെ തുടര്‍ന്ന് 40 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. ജില്ലയിലെ ക്ഷേത്രത്തില്‍ വച്ചാണ് 40കാരി ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തില്‍ സന്തോഷി ദേവി എന്ന സ്ത്രീ 40കാരിയുടെ ശരീരത്തില്‍ ബാധ കയറിയതായി പറഞ്ഞു. ബാധ ഒഴിപ്പിക്കാന്‍ 1000 രൂപയുടെ പ്രത്യേക പൂജ നടത്താന്‍ സന്തോഷി ദേവി 40കാരിയോട് ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു.
ഇതിന് ശേഷം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് 40കാരിയെ ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചു എന്നതാണ് കേസ്. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായ സ്ത്രീ സഹായത്തിനായി ഉറക്കെ കരഞ്ഞു. പിന്നാലെ ബോധരഹിതയായി വീണതായി പോലീസ് പറയുന്നു.
ബാധ പിടിച്ചുകെട്ടി എന്ന് അവകാശവാദം ഉന്നയിച്ച സന്തോഷി ദേവി കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും ബന്ധുക്കളോട് പറഞ്ഞു. നടന്ന കാര്യങ്ങള്‍ ആരോടും പറയരുതെന്ന് കാട്ടി മന്ത്രവാദി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. നെറ്റിയില്‍ ഉള്‍പ്പെടെ 40കാരിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റ പാടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിവരം പോലീസിനെ അറിയിച്ചത്.