ദോഹ:ഗോളെന്നുറപ്പിച്ച സുവര്‍ണാവസരങ്ങള്‍എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍ അവസാനശ്വാസത്തില്‍ ലക്ഷ്യം കണ്ടു. ഒന്നല്ല, രണ്ടു തവണ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ് നേടിയത്. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകള്‍.
ആദ്യം റൗസ്ബെ ചെഷ്മിയും പതിനൊന്നാം മിനിറ്റില്‍ റാമിന്‍ റെസെയ്നുമാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. ഇറാന്റെ സ്ട്രൈക്കര്‍ തരേമിയെ ബോക്സിന് പുറത്തേയ്ക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തിടിച്ചു വീഴ്ത്തിയതിനാണ് എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ഗോളി വെയ്ന്‍ ഹെന്നെസി ചുവപ്പു കാര്‍ഡ് കണ്ടത്. വെയ്ല്‍സ് പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് രണ്ട് ഗോളും വീണത്.
മത്സരത്തിന്റെ 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നപ്പോള്‍ ഗ്രൂപ്പ് ബിയിലെ ഇറാന്‍ വെയ്ല്‍സ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയിലും മത്സരത്തിന്റെ തുടക്ക്തതിന് സമാനമായി മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഗോള്‍ മാത്രം അകന്ന് നിന്നു. 51ാം മിനിറ്റില്‍ ഇറാന് മുന്നില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഗോള്‍ അകന്ന് നിന്ന്ു. വില്ലനായത് ഗോള്‍പോസ്റ്റ്.
ഒന്നാം പകുതിയുടെ അവസാനം വെയ്ല്‍സിന്റെ പ്രതിരോധ താരം ജോ റോഡോണിന് മഞ്ഞകാര്‍ഡ് ലഭിച്ചു. ഇറാന്‍ താരത്തിനെ ഫൗള്‍ ചെയ്തതിനായിരുന്നു ഇത്. ജയത്തോടെ ഇറാന് മൂന്ന് പോയിന്റ് ആയി.