ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ജൂലൈ 15 വരെ നീട്ടി. നിലവില്‍ ജൂണ്‍ 30 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത് അടക്കം പ്രത്യേക സര്‍വീസുകള്‍ക്ക് ഇത് ബാധകമല്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും വ്യോമയാന മന്ത്രാലയം സൂചന നല്‍കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ചുവടുപിടിച്ചായിരുന്നു പ്രഖ്യാപനം. ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ചതിന് അനുസരിച്ച് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
മെയ് ആറിനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് ദൗത്യം പ്രഖ്യാപിച്ചത്.