ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. ആമി മോദിക്കെതിരായാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തില്‍ ആമിയുടെ പേര് ചേര്‍ത്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 30 മില്യണ്‍ ഡോളര്‍ വിലവരുന്ന രണ്ടു അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി. ഒക്ടോബറില്‍ പിടിച്ചെടുത്ത 637 കോടി രൂപ വില വരുന്ന വിദേശ സ്വത്തുക്കളില്‍ ഉള്‍പ്പെട്ടതാണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍. 56.97 കോടി രൂപ വില വരുന്ന ലണ്ടനിലെ ഫല്‍റ്റും അതില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ് റെഡ് കോര്‍ണര്‍ നോട്ടീസ്.
നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെയും സഹോദരി പൂര്‍വിക്കെതിരെയും ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി, തന്നെ ഇന്ത്യയിലേക്ക് അയക്കുന്നതിന് എതിരെ പോരാടുകയാണ്. ലണ്ടനിലെ വാണ്ട്സ്വര്‍ത്ത് ജയിലിലാണ് നീരവ് ഉള്ളത്.
കേസിലെ മറ്റൊരു പ്രതിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലാണ് താമസിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഇന്ത്യയിലേക്കു മടങ്ങാത്തത്.