സൗദിയിലെ കൊവിഡ് അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കി,പുതിയ യാത്രാ മാനദണ്ഡങ്ങളിങ്ങനെ
![](https://breakingkerala.com/wp-content/uploads/2021/05/images-28.jpeg)
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് ഒരു വർഷത്തിന് ശേഷം നീക്കി. കഴിഞ്ഞ വർഷം മാർച്ച് 15 മുതൽ നിലവിൽ വന്ന വിലക്ക് ഈ മാസം 17ന് പുലർച്ചെ ഒന്ന് മുതലാണ് നീക്കം ചെയ്തത്. ഇതോടെ ഇന്ത്യയടക്കം 13 രാജ്യങ്ങളൊഴികെ ലോകത്തെ ബാക്കിയെല്ലാം ഭാഗത്തേക്കും തിരികെ സൗദിയിലേക്കും യാത്രയ്ക്കുള്ള എല്ലാ തടസങ്ങളും നീങ്ങി.
കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുന്നത് കൊണ്ടാണ് ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കുന്നത്. സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന യാത്ര പുനഃരാരംഭിച്ച സാഹചര്യത്തിൽ പുതിയ യാത്രാ മാനദണ്ഡങ്ങൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
യാത്രക്കാർ വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും പോകുമ്പോൾ ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തണമെന്നും മാസ്കുകൾ ധരിക്കുകയും ശരീര ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുമില്ലെന്ന് അതോറിറ്റി അറിയിച്ചു. ബാങ്ക് നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുകയും ഇലക്ട്രോണിക്സ് പേയ്‍മെന്റ് സംവിധാനം ഉപയോഗിക്കുകയും വേണം.
എല്ലാ സ്ഥലങ്ങളിലും പരമാവധി അകലം പാലിക്കണം. വിമാനത്തിനുള്ളിലെ എല്ലാ ജോലിക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്കുകളും കൈയ്യുറകളും ധരിക്കാനും, പരമാവധി സാമൂഹിക അകലം പാലിക്കാനും അഭ്യർത്ഥിച്ചു. കൂടാതെ വിമാനത്തിന്റെ പരിമിതിക്കനുസരിച്ച് യാത്രാ സമയത്ത് ഭക്ഷണ വിതരണവും എയർ പർച്ചേസിങ്ങും അനുവദിക്കും. എന്നാൽ, വിമാനത്തിലെ നമസ്‍കാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.
യാത്രയ്ക്കിടെ വൈറസ് ബാധ സംശയിക്കുന്നവരെ താത്കാലിക ക്വാറന്റീൻ ചെയ്യാൻ പ്രത്യേക സീറ്റുകളും സഹായത്തിനായി എയർ ഹോസ്റ്റസുമാരും ഉണ്ടാകും. ഇവരുടെ തുടർന്നുള്ള നീക്കങ്ങൾ കൈകാര്യം ചെയ്യലാണ് എയർ ഹോസ്റ്റസുമാരുടെ കടമ. വിമാനം ഇറങ്ങിയാൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പ്രകാരം ഇവരുടെ ലാഗേജുകൾ പുറത്തിറക്കുകയും യാത്രികനെ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യും.