കൊല്ലത്ത് ചുരിദാര്‍ വില്‍ക്കാനെത്തിയ അന്യസംസ്ഥാന യുവാവ് വീട്ടമ്മയെ കടന്നു പിടിച്ചു; വീണ്ടുമെത്തി യുവതിയെ കൊല്ലാന്‍ ശ്രമം
കൊട്ടിയം: ചുരിദാര്‍ വില്‍ക്കാനെത്തിയ അന്യസംസ്ഥാനക്കാരന്‍ വീട്ടമ്മയെ കടന്നുപിടിച്ച ശേഷം വീണ്ടുമെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കഴുത്തിന് മുറിവേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയത്തില്‍ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി 7.30 ഓടെ എത്തിയ പ്രതി മുറിക്കുള്ളില്‍ കയറി കയറുകൊണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയില്‍ നിന്ന് ഭര്‍ത്താവ് എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ട് ഓടി. സംഭവത്തില്‍ ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരവിപുരം പോലീസും ഡോഗ് സ്‌ക്വാഡും പ്രതിക്കായി തെരച്ചില്‍ ശക്തമാക്കി. പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
നാല് ദിവസം മുമ്പാണ് ഇതര സംസ്ഥാനക്കാരനായ യുവാവിനെതിരെ യുവതി ഇരവിപുരം പോലീസില്‍ പരാതി നല്‍കിയത്. പാന്റും കോട്ടും ധരിച്ച് വീടുകളിലെത്തിയാണ് ഇയാള്‍ ചുരിദാര്‍ വില്‍പ്പന നടത്തിയിരുന്നത്. ഒരാഴ്ച മുന്‍പ് യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാള്‍ നാല് ദിവസം മുന്‍പ് വീണ്ടും എത്തി. ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി കടന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് ബാറ്റിന് അടിച്ചാണ് യുവാവിനെ ഓടിച്ചത്. തലയ്ക്ക് പരിക്കേറ്റതിന്റെ പ്രതികാരം വീട്ടാനായാണ് പ്രതി വീണ്ടും എത്തിയതെന്ന് പോലീസ് പറയുന്നു. ഇരവിപുരം പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.