
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി നിയമവിരുദ്ധമായി വീട് പൊളിച്ചുനീക്കിയ ആറുപേര്‍ക്ക് 10 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. വീടുകള്‍ തകര്‍ത്ത നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
പാര്‍പ്പിടത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യഘടകമാണെന്ന് അധികാരികള്‍ ഓര്‍ക്കണം. ഈ കേസുകള്‍ നമ്മുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും കോടതി പരാമര്‍ശിച്ചു. പൊളിക്കല്‍ നോട്ടീസുകള്‍ നല്‍കിയ രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നോട്ടീസ് നല്‍കിയതെന്നാണ് കോടതി നിരീക്ഷണം.
2021-ലാണ് കേസിന് ആസ്പദമായ പൊളിച്ചുനീക്കല്‍ നടപടിയുണ്ടായത്. ഗുണ്ടാത്തലവന്‍ അതീഖ് അഹമ്മദുമായി ബന്ധമുള്ളതെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ചുനീക്കിയത്. 2023-ല്‍ അതീഖ് കൊല്ലപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിച്ചുനീക്കല്‍ നടപടിയെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. അതേസമയം, നിയമവിരുദ്ധമായാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത് എന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് വീട് തകര്‍ക്കപ്പെട്ടവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.