അടിമാലി :നേര്യമംഗലം അഞ്ചാം മൈലിൽ തോക്കുധാരികളെ കണ്ടെത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പും പൊലീസും തിരച്ചിൽ ശക്തമാക്കി.ഇന്നലെ പുലർച്ചെ കോതമംഗലം ഭാഗത്തു നിന്നും മൂന്നാറിലേയ്ക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് തോക്കുധാരികളെ കണ്ടതായി വനം വകുപ്പ് വാച്ചറെ അറിയിച്ചത്. വാച്ചർ ഉന്നത അധികൃതരെ വിവരം അറിയിക്കുകയും പുലർച്ചെ 20-ളം വരുന്ന ഉദ്യോഗസ്ഥ സംഘം തിരച്ചിലി നിറങ്ങുകയും ചെയ്തിരുന്നു.
പുറമെ പൊലീസും വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിവാസി കോളനികളിൽ നിന്നും മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വിവര ശേഖരണം നടത്തി. ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലന്ന് നേര്വമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്നാണ് പൊലീസ് നിലപാട്.
പാതയോരത്ത് തോക്കുകളുമായി 3 പുരുഷന്മാരും ഒരു സ്ത്രീയും നിൽക്കുന്നത് കണ്ടെന്നാണ് വാഹന ഡ്രൈവർ വെളിപ്പെടുത്തിയിട്ടുള്ളത്. പൂയംകൂട്ടി – കുട്ടമ്പുഴ വന മേഖലയുടെ തുടർച്ചയാണ് അഞ്ചാം മൈലിലെ വനപ്രദേശമെന്നും അതിനാൽ ഈ വനമേഖലകളിലേയ്ക്കും തിരച്ചിൽ വ്യാപിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
സംഭവം പുറത്തുവന്നതിനെത്തുടർന്ന് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. മാവോയിസ്റ്റ് സംഘം തങ്ങളുടെ സാന്നിദ്ധ്യം വെളിപ്പെടുത്താൻ വനമേഖലയിലെ ഒളി സങ്കേതത്തിൽ നിന്നും പുറത്തിറങ്ങിയതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.ഇന്ന് ഉൾ കാട്ടിൽ തമ്പടിച്ച് തിരച്ചിൽ നടത്തുന്നതിനാണ് വനം വകുപ്പ് ഉദോഗസ്ഥർ ലക്ഷ്യമിട്ടിട്ടുള്ളത്. ആറംഗ സംഘം രാവിലെ ഉൾവനേ മേഖലയിലേയ്ക്ക് തിരിച്ചുട്ടുണ്ടെന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസർ അറിയിച്ചു.