BusinessNationalNews

16ാം പിറന്നാളില്‍ ഇന്‍ഡിഗോ; 1616 രൂപ മുതല്‍ ടിക്കറ്റുകള്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ (IndiGo), ആകാശത്ത് 16 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. 16-ാം വാര്‍ഷികം പ്രമാണിച്ച്, ‘സ്വീറ്റ് 16’ (IndiGo sweet 16 anniversary sale) എന്ന പേരില്‍ വാര്‍ഷിക ഓഫാറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ഈ എയര്‍ലൈന്‍. എല്ലാ ആഭ്യന്തര റൂട്ടുകളിലും വന്‍ കിഴിവുകള്‍ ആണ് ഇതിനെ തുടര്‍ന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ് 3 ന് ആരംഭിച്ച ഓഫര്‍ ഓഗസ്റ്റ് 5 ന് അവസാനിക്കും. 2022 ഓഗസ്റ്റ് 18 നും 2023 ജൂലൈ 16 നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഓഫ്ഫര്‍ ബാധകം.

പതിനാറ് വർഷങ്ങൾ പൂർത്തിയാക്കിയ എയർലൈൻ വാർഷികത്തെ തുടർന്ന്  1,616 രൂപ മുതൽ നിരക്കിൽ സർവീസുകൾ നടത്തും. ഓഗസ്റ്റ് 5 വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 5 ശതമാനം വരെ ക്യാഷ് ബാക്കും ഇൻഡിഗോ നൽകുന്നു. കാ-ചിംഗ് കാർഡുകളിൽ 1000 റിവാർഡ് പോയിന്റുകൾ ലഭിക്കും. 

ചെലവ് കുറഞ്ഞതും തടസ്സ രഹിതവുമായ സർവീസുകൾ നൽകുന്നതിൽ വിജയിച്ച്കൊണ്ട് എയർലൈൻ പതിനാറ് വർഷം പൂർത്തിയാക്കി എന്നും ഈ അവസരത്തിൽ സന്തോഷം പങ്കിടാനായി ഉപഭോക്താക്കൾക്ക് കിഴിവുകൾ നൽകുന്നതായും ഇൻഡിഗോയുടെ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ  സഞ്ജയ് കുമാർ പറഞ്ഞു. 

2006 ഓഗസ്റ്റ് 4 ന് ദില്ലിയിൽ നിന്നും ഗുവഹാത്തി വഴി ഇംഫാലിലേക്ക് ആണ് ഇൻഡിഗോ സർവീസ് ആരംഭിച്ചത്. അമേരിക്കന്‍ വ്യവസായിയും എന്‍ആര്‍ഐ-യുമായ രാകേഷ് ഗാങ്ങ്വാലും ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ രാഹുല്‍ ഭാട്ടിയയും ചേർന്നാണ് ഇൻഡിഗോയെ പറത്തിവിടുന്നത്‌. ചെലവ് കുറഞ്ഞ യാത്ര സമ്മാനിക്കുന്നതിനാൽ ഇന്ത്യയില്‍ ക്രമേണ ജനപ്രിയമായ വിമാന കമ്പനിയായി ഇൻഡിഗോ മാറി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2011 ജനുവരിയിൽ ഇന്‍ഡിഗോയ്ക്ക് അന്താരാഷ്ട്ര വിമാനയാത്ര സര്‍വ്വീസിനുള്ള ലൈസന്‍സ് ലഭിച്ചു. തുടർന്ന് ഇന്‍ഡിഗോയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് 2011 സെപ്റ്റംബര്‍ 1ന് ന്യൂഡല്‍ഹിയിൽ നിന്ന് ദുബായിലേക്ക് കുതിച്ചു. അന്താരാഷ്ട്ര സര്‍വീസിന് ഡിമാൻഡ് കൂടിയതോടെ ജെറ്റ് എയര്‍വേയ്സിന് കടത്തിവെട്ടി ഇന്‍ഡിഗോ ഔദ്യോഗികമായി ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായി മാറി.

ഇന്‍ഡിഗോ നവംബറോടെ പൈലറ്റുമാരുടെ ശമ്പളം പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു.ഇന്‍ഡിഗോ സെപ്തംബര്‍ മുതല്‍ പൈലറ്റുമാരുടെ ശമ്പളം 6 ശതമാനം പുനഃസ്ഥാപിക്കുമെന്നും ബാക്കി 6 ശതമാനം നവംബറില്‍ നല്‍കുമെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ ആദ്യവാരം പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചിരുന്നു. കൂടാതെ പൈലറ്റുമാര്‍ക്കുള്ള ഓവര്‍ടൈം അലവന്‍സ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, പൈലറ്റുമാര്‍ക്കുള്ള ഒരു വര്‍ക്ക് പാറ്റേണ്‍ സംവിധാനം ഒരുക്കുകയും ചെയ്തു. എന്നാല്‍, പൈലറ്റുമാര്‍ ഇതില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ശമ്പളം പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

2020-ല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ 8 ശതമാനം ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷം വീണ്ടും ജൂലൈയില്‍ 8 ശതമാനം വര്‍ധനവുണ്ടായി മൊത്തം 16 ശതമാനം വര്‍ധനവ് വരുത്തി. തുടര്‍ന്ന് ബാക്കിയുള്ള 12 ശതമാനമാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. ജൂലൈ 31 മുതല്‍ പൈലറ്റുമാര്‍ക്കുള്ള ലേഓവര്‍, ഡെഡ്ഹെഡ് അലവന്‍സുകളും എയര്‍ലൈന്‍ പുനഃസ്ഥാപിച്ചു.

കോവിഡിന് മുമ്പുള്ള ശമ്പളം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാത്തതില്‍ പൈലറ്റുമാര്‍ അസന്തുഷ്ടരായിരുന്നു. പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നമായി മാറി. ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 1,600-ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇത് കോവിഡ് -19 മഹാമാരിക്ക് മുമ്പ് പ്രവര്‍ത്തിച്ചതിനേക്കാള്‍ കൂടുതലാണ്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കി.

കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ഏകദേശം 75 ശതമാനം പുനഃസ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ വിസ്താര പൈലറ്റുമാരുടെ ശമ്പളവും ഫ്‌ലയിംഗ് അലവന്‍സും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റും അതിന്റെ ക്യാപ്റ്റന്‍മാരുടെയും ഫസ്റ്റ് ഓഫീസര്‍മാരുടെയും ശമ്പളം യഥാക്രമം 10 ശതമാനവും 15 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker