കൊറോണ; ചൈനയില്‍ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി; 324 പേരടങ്ങുന്ന സംഘത്തില്‍ 42 മലയാളികളും
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്ന് ആദ്യസംഘം ഇന്ത്യയിലെത്തി. മൂന്ന് കുട്ടികളും 211 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 324 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്. ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ മനേസറില്‍ കരസേനയുടെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം വരെ ഇവരെ നിരീക്ഷിക്കും. 42 മലയാളികളും സംഘത്തിലുണ്ട്. ആന്ധ്ര സ്വദേശികളാണ് സംഘത്തില്‍ കൂടുതല്‍ (56 പേര്‍). 53 തമിഴ്‌നാട് സ്വദേശികളും സംഘത്തിലുണ്ട്. മനേസറിലെ ക്യാമ്പില്‍ കഴിയുന്നതിനിടയ്ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കന്റോണ്‍മെന്റിലെ ആര്‍മി ബേസ് ആശുപത്രിയിലേക്കു മാറ്റും.
പിന്നീട് രണ്ടു തവണ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം കണ്ടെത്തിയാല്‍ മാത്രമേ ഇവരെ ആശുപത്രി വിടാന്‍ അനുവദിക്കൂ. ക്യാമ്പില്‍ കഴിയുന്നവരെല്ലാം തന്നെ മൂന്നു പാളികളുള്ള മാസ്‌ക് ധരിക്കണം. ഇവര്‍ക്ക് പ്രതിദിന വൈദ്യപരിശോധന ഉണ്ടായിരിക്കും. 14 ദിവസത്തിനുശേഷം രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എങ്കില്‍ ഇവരെ സ്വന്തം വീടുകളിലേക്ക് വിടും. വീടുകളില്‍ എത്തിയാലും അതതു ഇവര്‍ സംസ്ഥാനങ്ങളില്‍ ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിലായിരിക്കും.