ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമുയര്‍ത്തിയത്. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി. 19 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.
ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ഈ മൂന്ന് വിക്കറ്റുകളുമെടുത്ത് ടിതാസ് സധുവാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാല്‍ ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയെ കരകയറ്റി. ടീം സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ പുറത്താക്കി രാജേശ്വരി ഗയക്വാദ് ലങ്കയെ വീണ്ടും പ്രതിരോധത്തിലാക്കി.
നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി. എന്നാല്‍ പിന്നാലെ വന്നവരെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം തട്ടിയെടുത്തു. ഒടുവില്‍ ലങ്കന്‍ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. 19 റണ്‍സ് ജയത്തോടെ ഇന്ത്യ സ്വര്‍ണമണിഞ്ഞു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീമിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ടീം സ്‌കോര്‍ 16-ല്‍ നില്‍ക്കേ ഓപ്പണര്‍ ഷഫാലി വര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായി. 15 പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ പിന്നീടിറങ്ങിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന സ്‌കോറുയര്‍ത്തി. കരുതലോടെ ബാറ്റേന്തിയ ഇരുവരും ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 50-കടത്തി.
ടീം സ്‌കോര്‍ 89-ല്‍ നില്‍ക്കേ സ്മൃതി മന്ദാനയുടെ വിക്കറ്റ് വീഴ്ത്തി. 45 പന്തില്‍ ഒരു സിക്‌സറിന്റേയും നാല് ഫോറുകളുടേയും അകമ്പടിയോടെ 46 റണ്‍സെടുത്ത താരത്തെ റാണവീരയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ റിച്ച ഘോഷ്(9), ഹര്‍മന്‍പ്രീത് കൗര്‍ (2), പൂജ വസ്ട്രാക്കര്‍(2) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 42 റണ്‍സെടുത്ത ജെമീമ റോഡ്രിഗസ് തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.