ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ സേന വിന്യാസ ക്രമം പരിഷ്‌കരിക്കുന്നു. മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യം നേടിയ സേനാംഗങ്ങളെ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിയമിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച ധാരണയില്‍ എത്തിയത്. അതിര്‍ത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികള്‍ അടിയന്തിരമയി പൂര്‍ത്തീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തികളിലെ സേനവിന്യാസത്തിന്റെ ഘടന പരിഷ്‌കരിക്കാനുള്ള സുപ്രധാന നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായത്. അര്‍ധ സൈനിക വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ ശ്യംഖല അതിര്‍ത്തികളില്‍ യാഥാര്‍ത്ഥ്യമാക്കും.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ ക്രമം ചൈന അതിര്‍ത്തികളിലും യാഥാര്‍ത്ഥ്യമാക്കാനും തീരുമാനമായി. ആക്രമം ഉറപ്പാകുമ്പോള്‍ പ്രതിരോധത്തിന് അനുവാദം തേടുന്നതടക്കമുള്ള സവിധാനങ്ങളും ലഘൂകരിക്കും. ഒപ്പം മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യം നേടിയ സേനാംഗങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ നിയോഗിക്കാനുള്ള സുപ്രധാന തീരുമാനവും യോഗം കൈകൊണ്ടു.
ഇതനുസരിച്ച് ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്ട്രൈക്ക് കോറിലെ സേനാംഗങ്ങള്‍ ലഡാക്ക് മേഖലയിലേക്ക് അടിയന്തിരമായി നീങ്ങും. ഇന്ന് നടന്ന സൈനിക തല ചര്‍ച്ചയില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ധാരണ ആയെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായില്ല.