CricketNewsSports

പെർത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ടു ലീഡ് എടുത്ത് ഇന്ത്യ , ബുമ്രക്ക് 5 വിക്കറ്റ്; മിച്ചൽ സ്റ്റാർക്ക് ടോപ് സ്കോറർ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സില്‍ അവസാനിപ്പിച്ച് 46 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും രണ്ട്  വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെന്നപോലെ നാലു പേര്‍ മാത്രമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയിലും രണ്ടക്കം കടന്നത്. 112 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്‍റെ ടോപ് സ്കോറർ.

രണ്ടാം ദിനം ഹര്‍ഷിത് റാണയിലൂടെ ബൗളിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ അടി നല്‍കിയത് ക്യാപ്റ്റന്‍ ബുമ്രയിലൂടെയായിരുന്നു. ഓസീസിന്‍റെ അവസാന ബാറ്റിംഗ് പ്രതീക്ഷയായിരുന്ന അലക്സ് ക്യാരിയെ(21) രണ്ടാം ദിനം എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.  70-8ലേക്ക് വീണ ഓസിസിന് സ്കോര്‍ 79ല്‍ നില്‍ക്കെ നഥാന്‍ ലിയോണിന്‍റെ വിക്കറ്റും നഷ്ടമായി. ഹര്‍ഷിത് റാണയുടെ പന്തില്‍ ലിയോണിനെ സ്ലിപ്പില്‍ രാഹുല്‍ കൈയിലൊതുക്കി. അവസാന ബാറ്ററായ ഹേസല്‍വുഡിനെ ഒരറ്റത്ത് നിര്‍ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് പിടിച്ചു നിന്നതോടെ ഓസീസ് 100 കടന്നു. ഒടുവില്‍ സ്റ്റാര്‍ക്കിനെ വീഴ്ത്തിയ ഹര്‍ഷിത് റാണ ലഞ്ചിന് തൊട്ടു മുമ്പ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ഇന്നലെ ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് 67 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്. ഇന്നലെ തന്‍റെ രണ്ടാം ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത മക്സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തന്‍റെ നാലാം ഓവറില്‍ ഉസ്മാന്‍ ഖവാജയെ(8) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിന്‍റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി.നേരിട്ട ആദ്യ പന്തില്‍ തന്നെ സ്മിത്തിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

അഞ്ചാമനായി ക്രീസിലെത്തിയ ട്രാവിസ് ഹെഡിനെ(11) ക്ലീന്‍ ബൗള്‍ഡാക്കിയ റാണ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. മിച്ചല്‍ മാര്‍ഷിന്‍റെ ഊഴമായിരുന്നു അടുത്തത്. ബൗണ്ടറിയടിച്ച് തുടങ്ങിയ മാര്‍ഷിനെ(6) മുഹമ്മദ് സിറാജിന്‍റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ പറന്നു പിടിച്ചു. 38-5ലേക്ക് വീണ ഓസീസിനെ ലാബുഷെയ്നും ക്യാരിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ റണ്ണെടുക്കാന്‍ 24 പന്ത് നേരിട്ട ലാബുഷെയ്ൻ 52 പന്തില്‍ രണ്ട് റണ്ണെടുത്ത് സിറാജിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ ദിനം കളി തീരും മുമ്പ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ(3) കൂടി റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഓസീസിനെ കൂട്ടത്തതകര്‍ച്ചയിലാക്കി.

ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ150ന് ഓൾ ഔട്ടാവുകയായിരുന്നു. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. റിഷഭ് പന്ത് 37 റണ്‍സടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker