ന്യൂഡൽഹി: റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന യൂറോപ്യൻ രാജ്യമായ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. യുക്രൈനിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. ഷാർജ, ദുബായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് കണക്ഷൻ സർവീസുമുണ്ടാകും. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. കീവിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ 18,000-ഓളം ഇന്ത്യക്കാരാണ് യുക്രെയ്നിലുള്ളത്.
സംഘർഷത്തിൽ അയവു വന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിൻറെ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേർ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടർന്നാണ് യുക്രൈൻ വിഷയം കൈകാര്യം ചെയ്യാനും പൗരൻമാരുടെ ആശങ്കയകറ്റാനും കൺട്രോൾ റൂം ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി മുരളീധരൻ കൂട്ടിച്ചേർത്തു.
എംബസിയിൽ രജിസ്റ്റർ ചെയ്യുന്നവരെ മുൻഗണനാ ക്രമത്തിൽ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂൾ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള ക്രൈമിയയിൽ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. യുക്രൈൻ അതിർത്തികളിൽ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
‘തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന്’റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യൻ ദേശീയ ചാനൽ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയിൽ നിന്ന് റെയിൽ മാർഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിൻവലിക്കുന്നതായി റഷ്യൻ പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അമേരിക്കയുൾപ്പടെയുള്ള നാറ്റോ രാജ്യങ്ങൾ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.
യുക്രൈൻ അതിർത്തിയിൽ ഒന്നരലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. റഷ്യ സൈനികരെ പിൻവലിച്ചുവെന്നത് തങ്ങൾക്ക് സ്ഥരികരിക്കാനായിട്ടില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു.