ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തലസ്ഥാന അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. കാനഡ വിളിച്ച കൊവിഡ് യോഗം ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അടുത്തയാഴ്ച നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ എസ്. ജയശങ്കര്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം, കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമര്‍ശങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം ഉണ്ടാകുമെന്നായിരുന്നു ട്രൂഡോയുടെ ആവര്‍ത്തിച്ചുള്ള മറുപടി. നേരത്തേ, ഗുരു നാനാക്കിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന പരിപാടിയിലാണ് ട്രൂഡോ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് ആദ്യമായി സംസാരിച്ചത്.