കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആവേശം അവസാന ഓവർ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെ എട്ടു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. നിക്കോളാസ് പുരന്റെയും റോവ്മാൻ പവലിന്റെയും തകർപ്പൻ ഇന്നിങ്സുകൾ വിൻഡീസ് ജയമൊരുക്കുമെന്ന ഘട്ടത്തിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്.
പുരൻ 41 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 62 റൺസെടുത്തപ്പോൾ പവൽ 36 പന്തിൽ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒടുവിൽ 19-ാം ഓവറിൽ പുരനെ മടക്കി ഭുവനേശ്വർ കുമാറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 25 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് ഹർഷൽ പട്ടേലിന്റെ ഓവറിൽ നേടാനായത് 16 റൺസ് മാത്രം.
187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആറാം ഓവറിൽ തന്നെ ഓപ്പണർ കൈൽ മയേഴ്സിനെ (9) നഷ്ടമായിരുന്നു. യുസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. പിന്നാലെ ഒമ്പതാം ഓവറിൽ ബ്രണ്ടൻ കിങ്ങിനെ (22) രവി ബിഷ്ണോയിയും മടക്കി.
എന്നാൽ അവിടെ നിന്നും പുരൻ – പവൽ സഖ്യം ഇന്ത്യൻ ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു. മെല്ലെത്തുടങ്ങിയ ഇരുവരും ആവശ്യമായ റൺറേറ്റ് 12-ൽ എത്തിയതോടെ രണ്ടും കൽപ്പിച്ച് തകർത്തടിക്കാൻ തുടങ്ങി. തുടക്കത്തിൽ പുരനെ ബിഷ്ണോയിയും നിർണായക സമയത്ത് പവലിനെ സ്വന്തം ബൗളിങ്ങിൽ ഭുവനേശ്വർ കുമാറും കൈവിട്ടു. ഒടുവിൽ ഭുവനേശ്വർ എറിഞ്ഞ 19-ാം ഓവറിലാണ് കളി ഇന്ത്യയ്ക്ക് അനുകൂലമായി തിരിഞ്ഞത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
അർധ സെഞ്ചുറി നേടിയ ഋഷഭ് പന്ത് വെറും 28 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റൺസോടെ പുറത്താകാതെ നിന്നു. വിരാട് കോലി 41 പന്തുകൾ നേരിട്ട് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റൺസെടുത്തു.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ (2) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ – വിരാട് കോലി സഖ്യം 49 റൺസ് കൂട്ടിച്ചേർത്തു.
18 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 19 റൺസെടുത്ത രോഹിത്തിനെ മടക്കി റോസ്റ്റൻ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ഈ വിക്കറ്റും റോസ്റ്റൻ ചേസിനായിരുന്നു. തുടർന്ന് 14-ാം ഓവറിൽ കോലിയുടെ കുറ്റി തെറിപ്പിച്ച് ചേസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. നാല് ഓവർ എറിഞ്ഞ ചേസ് 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് – വെങ്കടേഷ് അയ്യർ സഖ്യം ഇന്ത്യൻ ഇന്നിങ്സ് ടോപ് ഗിയറിലാക്കി. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 76 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 18 പന്തിൽ നിന്ന് 33 റൺസെടുത്ത വെങ്കടേഷ് അയ്യർ അവസാന ഓവറിലാണ് പുറത്തായത്.നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.