ന്യൂയോര്‍ക്ക്: താരതമ്യേന ചെറിയ വിജയലക്ഷ്യം. പക്ഷേ രോഹിത്തും സംഘവും പതറിയില്ല. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താന്‍ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. 120-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113-റണ്‍സെടുക്കാനേ ആയുള്ളൂ. ആറ് റണ്‍സ് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കി. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാകിസ്താന്റെ നില പരുങ്ങലിലാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
ഇന്ത്യ ഉയര്‍ത്തിയ 120-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയാണ് പാകിസ്താന്‍ ബാറ്റേന്തിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ പതിയെ സ്‌കോറുയര്‍ത്താനാണ് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രമിച്ചത്. ടീം സ്‌കോര്‍ 26-ല്‍ നില്‍ക്കേയാണ് പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്. 10-പന്തില്‍ നിന്ന് 13-റണ്‍സെടുത്ത പാക് നായകനെ ബുംറ പുറത്താക്കി. പിന്നാലെ ഉസ്മാന്‍ ഖാനും റിസ്വാനും സ്‌കോര്‍ 50-കടത്തി. വൈകാതെ പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. 13-റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി.
പിന്നീട് ഫഖര്‍ സമാനുമായി ചേര്‍ന്ന് റിസ്വാന്‍ ഖാന്‍ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 73-ല്‍ നില്‍ക്കേ ഫഖര്‍ സമാനേയും പാകിസ്താന് നഷ്ടമായി. എട്ട് പന്തില്‍ നിന്ന് 13-റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് പാണ്ഡ്യ പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ റിസ്വാനെയും പാകിസ്താന് നഷ്ടമായി. 44-പന്തില്‍ നിന്ന് 31-റണ്‍സെടുത്ത റിസ്വാനെ ബുംറ ബൗള്‍ഡാക്കി. അതോടെ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ കൈവന്നു. ശേഷം പാക് ബാറ്റര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 16-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് പാകിസ്താന് നേടാനായത്. അടുത്ത ഓവറില്‍ പാണ്ഡ്യ ശദബ് ഖാനേയും കൂടാരം കയറ്റി. ഏഴ് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പാകിസ്താന്‍ 88-5 എന്ന നിലയിലായി.
അവസാന മൂന്ന് ഓവറില്‍ 30-റണ്‍സായിരുന്നു വിജയലക്ഷ്യം. മുഹമ്മദ് സിറാജും ബുറയും നന്നായി പന്തെറിഞ്ഞതോടെ പാക് ബാറ്റര്‍മാര്‍ കുഴങ്ങി. അഞ്ച് റണ്‍സെടുത്ത ഇഫ്തിക്കറിനെ ബുംറ പുറത്താക്കി. അവസാന ഓവറില്‍ 18-റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. എന്നാല്‍ 11-റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. 113-റണ്‍സിന് പാക് ഇന്നിങ്‌സ് അവസാനിച്ചു. അതോടെ ആറ് റണ്‍സ് വിജയവുമായി ഇന്ത്യ മടങ്ങി. ഇമാദ് വസിം 15-റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ നിന്ന് 10-റണ്‍സുമായി നസീം ഷാ പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുമെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119-റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഋഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഓവറിന് ശേഷം വീണ്ടും മഴയെത്തി. എന്നാല്‍ മഴ മാറി മത്സരം ആരംഭിച്ചയുടന്‍ തന്നെ കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോലി മടങ്ങി. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലി ഉസ്മാന്‍ ഖാന്റെ കൈകളിലൊതുങ്ങി. പിന്നാലെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത്തും കൂടാരം കയറി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത്തിന് പാളി. താരത്തെ ഹാരിസ് റൗഫ് കൈകകളിലൊതുക്കിയതോടെ ഇന്ത്യ 19-2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ഇരുവരും ടീം സ്‌കോര്‍ 50-കടത്തി.
ടീം സ്‌കോര്‍ 58-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് അക്ഷര്‍ പട്ടേലിനെ നഷ്ടമായി. നസീം ഷായുടെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി. 18-പന്തില്‍ നിന്ന് 20 റണ്‍സാണ് അക്ഷറിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലിറങ്ങിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത താരത്തെ ഹാരിസ് റൗഫ് പുറത്താക്കി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഋഷഭ് പന്താണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. പിന്നാലെ പന്തുള്‍പ്പെടെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ശിവം ദുബൈ(3), രവീന്ദ്ര ജഡേജ(0) എന്നിവര്‍ നിരാശപ്പെടുത്തി. 31-പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പന്തിനേയും ജഡേജയേയും ആമിര്‍ പുറത്താക്കിയപ്പോള്‍ ദുബൈയെ നസീം ഷാ പുറത്താക്കി. അതോടെ ഇന്ത്യ 96-7 എന്ന നിലയിലേക്ക് വീണു.
ഹാര്‍ദിക് പാണ്ഡ്യ(7), ജസ്പ്രീത് ബുംറ(0), അര്‍ഷ്ദീപ് സിങ്(9) എന്നിവരും വേഗം മടങ്ങിയതോടെ 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. പാകിസ്താനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.