കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന
ചെന്നൈ: കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന. മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.
ഇന്നലെ രാത്രിയോടെയാണ് താരത്തിന്റെ നിര്‍മാണ കമ്പനിയില്‍ ആധായ നികുതി വകുപ്പ് അധികൃതരെത്തി റെയ്ഡ് നടത്തിയത്. അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇതേ കുറിച്ച് പ്രതികരിക്കാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യത്തെ പ്രതിനിധീകരിച്ച് ഈ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് താരം ജനവിധി തേടുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍ ഹാസന്‍ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയിരിന്നു. സ്വര്‍ണവും പണവും ഉള്‍പ്പെടെ 45 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈവമുള്ളത്. ഇതുകൂടാതെ 131 കോടി രൂപയുടെ സ്ഥാവര ആസ്തി കൈവശമുണ്ട് . 2019-20 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അനുസരിച്ച് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം 22.1 കോടി രൂപയാണ്.
കമല്‍ ഹാസന്റെ ബാങ്ക് നിക്ഷേപത്തില്‍ (സ്വന്തം പേരിലെ മാത്രം നിക്ഷേപം) 2.43 കോടി രൂപയാണുള്ളത്. മ്യൂച്വല്‍ ഫണ്ടുകളും ഷെയറുകളും പോലുള്ള നിക്ഷേപങ്ങളില്‍ 26.1 ലക്ഷം രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സില്‍ 2.39 കോടി രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. വ്യക്തിഗത വായ്പയായി 36.24 കോടി രൂപ അദ്ദേഹത്തിനുണ്ട്. 3.69 കോടി രൂപയുടെ വാഹന വായ്പയ്ക്ക് പുറമെയാണിത്. ബിഎംഡബ്ല്യു 730 എല്‍ഡി, ലെക്സസ് എല്‍എക്‌സ് 570 എന്നീ ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.
കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ 17.79 കോടി രൂപയുടെ കാര്‍ഷിക ഭൂമി ഉണ്ട്, മൊത്തം 35.59 ഏക്കര്‍ ഭൂമിയാണുള്ളത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളുടെ വിപണി മൂല്യം 92.5 കോടി രൂപയോളം വരും, ഇവയെല്ലാം ചെന്നൈയില്‍ ആണ്.
ഇത് കൂടാതെ ചെന്നൈയില്‍ അദ്ദേഹത്തിന് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുണ്ട്, രണ്ട് പ്രോപ്പര്‍ട്ടികള്‍ ആണുള്ളത്, 19.5 കോടി രൂപയാണ് വില. , ലണ്ടനിലെ അദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടിയ്ക്ക് 2.5 കോടി രൂപയോളം വില വരും. 49.5 കോടി രൂപയാണ് കമല്‍ ഹാസന്റെ മൊത്തം ബാധ്യത. ഇതില്‍ 33.16 കോടി രൂപ ഭവനവായ്പ, ഇന്‍ഷുറന്‍സ് വായ്പകള്‍, മറ്റ് വായ്പകള്‍ എന്നിവയാണ്. 15.33 കോടി രൂപ മറ്റ് വ്യക്തികള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള കുടിശ്ശികയാണ്.