ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ എഐഎഫ്എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീം മൂന്നാം റൗണ്ടില്‍ കടക്കാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച ഫെഡറേഷന്റെ സീനിയര്‍ ഒഫീഷ്യലുകള്‍ ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെയാണ് പരിശീലകനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എഐഎഫ്എഫ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ജൂണ്‍ 11-ാം തീയതി ഖത്തറിനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ 2-1ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം റൗണ്ട് കാണാതെ പുറത്താകുന്നത്. മത്സരം ജയിച്ചിരുന്നെങ്കില്‍ കുവൈത്തിനെ മറികടന്ന് ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഖത്തര്‍ നേടിയ ആദ്യ ഗോള്‍ ഏറെ വിവാദമായിരുന്നു.
അടുത്തിടെ ഫിഫ റാങ്കിങ്ങിലും ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 121-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവര്‍ഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയര്‍ച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാല്‍ പുതിയ വര്‍ഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായില്ല.