രാജ്യാന്തര ചലച്ചിത്രമേള അടുത്ത അഞ്ചുവര്‍ഷവും കൊച്ചിയില്‍ തുടരുമെന്ന് മേയര്‍ അനില്‍കുമാര്‍, കയ്യടിച്ച് ജനം
കൊച്ചി:ലോകമൊട്ടാകെ വലിയ പ്രതിസന്ധിനേരിടുന്ന ഈ കാലത്തും സിനിമ എന്ന മാധ്യമത്തോടുള്ള സമൂഹത്തിന്റെ ഇഷ്ടവും ഈ മാധ്യമത്തിന്റെ ശക്തിയും വിളിച്ചോതുന്നതായിരുന്നു 25ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഉദ്ഘാടന ചടങ്ങ്.
എല്ലാ മനുഷ്യരുടെയും ഇഷ്ടവിനോദമായി വീട്ടിലും മൊബൈലിലും ഈ കോവിഡ് കാലയളവിലും സിനിമ ഉണ്ടായിരുന്നു എന്ന് ഉദ്ഘാടന ചടങ്ങില്‍ ചൂണ്ടിക്കാട്ടിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സിനിമയെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തിയ ലോകത്തെ ഏറ്റവും വലിയ സമൂഹം മലയാളികളുടേതായിരിക്കുമെന്ന് പറഞ്ഞു. വിവാദങ്ങളോ ബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ലെന്നും ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മേളയില്‍ തിയേറ്ററിനകത്ത് നിന്ന് ആര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ലെന്ന കാര്യവും എടുത്തു കാട്ടിയ ചെയര്‍മാന്‍ ഓരോരുത്തരും കോവിഡ് പ്രോട്ടോക്കോള്‍ ഗൗരവമായി പാലിക്കണമെന്നും ഓര്‍മിച്ചിപ്പു. പുതുതലമുറയുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇത്തവണത്തെ ചലച്ിത്രോല്‍സവത്തിന്റെ ഏറ്റവും വലിയ കരുത്ത് എന്ന് ചൂണ്ടിക്കാട്ടിയ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ചന്ദ്രന്‍ അനിവാര്യമായ തലമുറമാറ്റം സംഭവിച്ചുവെന്നും യുവ തലമുറയിലേക്ക് ഐ.എഫ്.എഫ്.കെയുടെ കൊടി കൈമാറ്റം സംഭവിച്ചുകഴിഞ്ഞുവെന്നും പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രമേള അടുത്ത അഞ്ചുവര്‍ഷവും കൊച്ചിയില്‍ തുടരുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എ അനില്‍കുമാര്‍ നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ പ്രഖ്യാപിച്ചു. ഈ മേളയില്‍ എത്തിയിട്ടില്ലാത്തവരും ഇപ്പോഴത്തെ ജനപ്രതിനിധികളും ഈ ചലച്ചിത്രോല്‍സവത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒപ്പമുണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.