NationalNewsPolitics

താനാണ്‌ കോൺഗ്രസ് നേതൃസ്ഥാനത്തെങ്കിൽ സഖ്യത്തിൻറെ കൺവീനർസ്ഥാനം ചെറുപാർട്ടിക്ക് നൽകുമായിരുന്നു: തരൂർ

ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തായിരുന്നെങ്കില്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ എംപി.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണെങ്കിലും താന്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കാന്‍ ചെറിയ പാര്‍ട്ടികളിലൊന്നിനെ പ്രോത്സാഹിപ്പിക്കുമായിരുന്നെന്നും തരൂര്‍ പറഞ്ഞു.

പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത് സംബന്ധിച്ച ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ഒരുമിക്കാന്‍ പ്രതിപക്ഷത്തിന് പുതിയൊരു കാരണം കിട്ടി. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുക എന്നത് പ്രയാസകരമായിരിക്കും. പ്രതിപക്ഷത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഐക്യം ആശ്ചര്യപ്പെടുത്തുന്നതും സ്വാഗതാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ രാഹുലിനെ പിന്തുണച്ചില്ലെങ്കില്‍, പ്രതികാരബുദ്ധിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഓരോരുത്തരെയായി തേടിയെത്തിയേക്കാമെന്ന ബോധ്യം പ്രതിപക്ഷ നേതാക്കള്‍ക്ക് വന്നിരിക്കുന്നു. വസ്തുനിഷ്ഠമായ ദേശീയ കാഴ്ചപ്പാടുള്ള ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടി ഞങ്ങളാണ്. 200-ഓളം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും’, തരൂര്‍ പറഞ്ഞു.

‘എന്നാല്‍, ഞാന്‍ പാര്‍ട്ടി നേതൃസ്ഥാനത്താണെങ്കില്‍, ഞാന്‍ കൺവീനർ സ്ഥാനത്തിനായി ആവശ്യപ്പെടില്ല. വാസ്തവത്തില്‍, പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ചെറിയ പാര്‍ട്ടികളിലൊന്നിനെ ഞാന്‍ പ്രോത്സാഹിപ്പിക്കും. എന്റെ കാഴ്ചപ്പാടില്‍ സ്ഥാനത്തിനേക്കാള്‍ പ്രധാനമാണ് ഐക്യം’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button