ഇടുക്കി: പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനിടെ പൊലീസിന് നേരെ പടക്കമെറിഞ്ഞ് യുവാക്കള്‍. തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം ഉണ്ടായത്. അനീഷ്, അജയകുമാര്‍ എന്നിവരാണ് അക്രമം കാട്ടിയത്.
അതേസമയം സംഭവം നടത്തി ഒളിവില്‍ പോയ രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. പുതുവത്സര ആഘോഷത്തിനെത്തിയ ഏതാനും യുവാക്കളാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ച സംഘത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസുകാരെ പിടിച്ചു തള്ളി. ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയപ്പോഴാണ് യുവാക്കള്‍ പടക്കമെറിഞ്ഞത്. ഒഴിഞ്ഞുമാറിയതിനാലാണ് അപകടം ഒഴിവായത്.
വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.