ന്യൂഡല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് ഐ.സി.എം.ആര്‍. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളിലടക്കം കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള എല്ലാവര്‍ക്കും ദ്രുത ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ നിര്‍ദേശത്തില്‍ മാറ്റംവരുത്താമെന്നും ഐസിഎംആര്‍ പറയുന്നു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായ ആള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന 100 ശതമാനം ആളുകളെയും റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കണം, പ്രത്യേകിച്ചും അണുബാധ പടരുന്ന നഗരങ്ങളില്‍.
പ്രസവം പോലുള്ള അടിയന്തര സ്വഭാവമുള്ള കേസുകളില്‍ ചികിത്സ, പരിശോധന സൗകര്യത്തിന്റെ അഭാവത്തില്‍ വൈകരുത്. കൂടാതെ ഗര്‍ഭിണികളെ പരിശോധനാ സൗകര്യത്തിന്റെ അഭാവത്തില്‍ റഫര്‍ ചെയ്യരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ ഊന്നിപ്പറയുന്നു. ആശുപത്രികളില്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു.