FootballKeralaNewsSports

റൊണാള്‍ഡോയും മെസിയും ക്ലബ് മാറുന്നു, അതുപോലെ കണ്ടാൽ മതി സഹലിൻ്റെ മാറ്റവും ,ആരാധകരോട് ഐ.എം. വിജയൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്കുള്ള സഹല്‍ അബ്ദുള്‍ സമദിന്‍റെ കൂടുമാറ്റം താരത്തിന് ഗുണം ചെയ്യുമെന്നും ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ഐ എം വിജയന്‍. മികച്ച ഓഫർ കിട്ടുമ്പോള്‍ താരങ്ങള്‍ ക്ലബ് വിടും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായാലും ലിയോണല്‍ മെസിയായാലും ക്ലബ് മാറിയതുപോലെ കണ്ടാല്‍ മതി ഇതിനെയെന്നും ഐ എം വിജയന്‍ പറഞ്ഞു. 

‘ആരാധകർക്ക് വിഷമമുണ്ടെങ്കിലും സഹലിന്‍റെ ക്ലബ് മാറ്റം നല്ലതിനാണ്. ആരായാലും നല്ല ഓഫർ കിട്ടുമെങ്കില്‍ പോകണം. നല്ല പൈസ കിട്ടുമ്പോള്‍ താരങ്ങള്‍ പോകുന്നത് സ്വാഭാവികമാണ്. അത് മിസ് ചെയ്യാന്‍ ഒരു പ്രൊഫഷനല്‍ താരവും ആഗ്രഹിക്കുന്നില്ല. സഹലിനെ പോലുള്ള താരങ്ങളെ പിടിച്ചുനിർത്താനാണ് ക്ലബ് ശ്രദ്ധിക്കേണ്ടിയിരുന്നത്.

കൊല്‍ക്കത്ത നന്നായി കളിക്കുന്ന താരങ്ങളെ പിന്തുണയ്ക്കുന്ന സ്ഥലമാണ്. മോശമായി കളിച്ചാല്‍ അവർ വിമർശിക്കുകയും ചെയ്യും. സഹലിന് കൊല്‍ക്കത്തയില്‍ മികച്ച പ്രകടനം നടത്താനാകും. സഹലിന്‍റെ കൂടുമാറ്റം വളർന്നുവരുന്ന താരങ്ങള്‍ക്ക് പ്രചോദനമാകും. അഞ്ച് വർഷം നീണ്ട കരാറിലാണ് സഹല്‍ പോകുന്നത്.

അഞ്ച് വർഷം ലോംഗ് പിരീഡാണ്. അത് താരങ്ങള്‍ക്കും ബോറടിക്കുന്ന കാര്യമാണ്, എന്നാല്‍ ചിലപ്പോള്‍ താരത്തിന് നന്നാകാം. ഞാന്‍ കൊല്‍ക്കത്തയില്‍ കളിക്കാന്‍ പോയപ്പോഴും വിമർശകരുണ്ടായിരുന്നു’ എന്നും ഐ എം വിജയന്‍ കൂട്ടിച്ചേർത്തു.  

നീണ്ട അഞ്ച് വർഷ കരാറിലാണ് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റിലേക്ക് പോകുന്നത്. 2017 മുതൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരത്തെ രണ്ടരക്കോടി പ്രതിഫലം വാഗ്ദാനം ചെയ്താണ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ് സ്വന്തമാക്കിയത്.

സഹലിന് പകരം കേരള ബ്ലാസ്റ്റേഴ്സിന് പ്രീതം കോട്ടാലിനെ നൽകിയാണ് കരാ‌ർ. 90 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ഫീസായി ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. കെബിഎഫ്സിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സഹൽ അബ്ദുൾ സമദ് സ്വന്തമാക്കിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker