കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി
കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി. കൊല്ലത്ത് മുളവനയില്‍ കഴിഞ്ഞ ദിവസം രാത്രീയായിരുന്നു സംഭവം. കൊല്ലപ്പെട്ട കൃതിയുടെ ഭര്‍ത്താവ് വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വൈശാഖ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ചരുവിളപുത്തന്‍വീട്ടില്‍ മോഹനന്റെ മകള്‍ കൃതി ആണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഭാര്യവീട്ടിലെത്തിയ വൈശാഖ് കൃതിയുമായി മുറിയില്‍ കയറി വാതിലടച്ചു. ഒന്‍പതു മണിയായിട്ടും ഇരുവരെയും പുറത്തു കാണാഞ്ഞതോടെ അമ്മ ബിന്ദു വാതിലില്‍ തട്ടി വിളിച്ചു. കതക് തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞത്.
ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറെടുത്ത വൈശാഖ് വണ്ടിയുമായി കടന്നു കളഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മരിച്ച കൃതിക്ക് ആദ്യ വിവാഹത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.