ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു
അഞ്ചാലുംമൂട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. വീടിനുള്‍വശം പൂര്‍ണമായും കത്തി നശിച്ചു. സികെപി പള്ളിയമ്പില്‍ കായല്‍വാരത്ത് കോട്ടയ്ക്കകം നഗര്‍ 192ല്‍ ഓട്ടോറിക്ഷാത്തൊഴിലാളിയായ ശ്രീകണ്ഠന്‍നായര്‍ (65)ആണ് ഭാര്യ ലതിക (53)യെ കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് 6.40ന് ആയിരുന്നു സംഭവം.
ശ്രീകണ്ഠന്‍നായര്‍ ഭാര്യയെ മര്‍ദിക്കുന്നതുകണ്ട് തടയാനെത്തിയ മരുമകള്‍ മഞ്ജുവിനെ കഠാരകാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയ ശേഷമാണ് ലതികയെ കുത്തിവീഴ്ത്തിയത്. കുത്തുകൊണ്ട് വീടിനു പുറത്തേക്ക് ഓടി കുഴഞ്ഞുവീണ ലതികയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് ശ്രീകണ്ഠന്‍നായര്‍ വീടിന്റെ കതകടച്ച ശേഷം കരുതിവച്ചിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തിയത്. ആളിക്കത്തിയ തീയില്‍ മുറിക്കുള്ളിലെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.