വാട്‌സ്ആപ്പ് സന്ദേശം വഴിത്തിരിവായി; തൃശൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍
തൃശൂര്‍: തൃശൂരില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ഞെള്ളൂര്‍ അനന്തപുരത്ത് വീട്ടില്‍ ശ്രാവണ്‍ (26),ശ്രാവണിന്റെ അമ്മ രതി (55) എന്നിവരാണ് അറസ്റ്റിലായത്. ഞെള്ളൂര്‍ സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ ശിശിര(22) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ജനുവരി 17നാണ് ശിശിര ആത്മഹത്യചെയ്തത്.
വിവാഹത്തിനു ശേഷം ഭര്‍തൃവീട്ടില്‍ നാലു വര്‍ഷത്തോളം താമസിച്ച യുവതി മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവിനും മാതാവിനും എതിരേ കൂട്ടുകാര്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് കേസില്‍ വഴിത്തിരിവായത്. കേസിന്റെ പ്രാധാന്യം മനസ്സിലാക്കി അന്വേഷണം ചാലക്കുടി ഡിവൈഎസ്പി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെയും അമ്മയുടെയു പങ്ക് വ്യക്തമായി. വെള്ളിക്കുളങ്ങര മോനടിയില്‍ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് പ്രതികളെ പിടികൂടി അറസ്റ്റുചെയ്തത്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.