വാക്‌സിന്‍ തീയതിയില്‍ തെറ്റുണ്ടോ? തിരുത്താന്‍ ചെയ്യേണ്ടത്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച തീയതി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അവസരം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ശരിയായ തീയതി രേഖപ്പെടുത്താന്‍ കഴിയും. വാക്‌സിന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതില്‍ വന്ന കാലതാമസമാണ് തീയതിയില്‍ പ്രശ്‌നമുണ്ടാകാന്‍ കാരണം.
വാക്‌സിന്‍ സ്വീകരിച്ചു മാസങ്ങള്‍ക്കു ശേഷമുള്ള തീയതിയാണ് ചിലരുടെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തെറ്റു തിരുത്താന്‍ അവസരമൊരുക്കിയിരിക്കുന്നത്.കോവിന്‍ പോര്‍ട്ടലില്‍ ലോ?ഗിന്‍ ചെയ്തശേഷം റെയ്‌സ് ആന്‍ ഇഷ്യൂ എന്ന ഓപ്ഷനില്‍ നിന്ന് വാക്‌സിനേഷന്‍ ഡേറ്റ് കറക്ഷന്‍ തെരഞ്ഞെടുക്കുക.
തിരുത്തി നല്‍കുന്ന തിയതി യഥാര്‍ഥമാണെന്ന് കാണിക്കാന്‍ വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ അപ്‌ലോഡ് ചെയ്യേണ്ടിവരും. വാക്‌സിനേഷന്‍ തീയതി, വാക്‌സീന്‍ ബാച്ച് നമ്പര്‍ എന്നിവയില്‍ ഉള്ള മറ്റ് പൊരുത്തക്കേടുകള്‍ റീജെനറേറ്റ് യുവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പരിഹരിക്കാം.
മറ്റാരുടെയെങ്കിലും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റാനും സൈറ്റില്‍ ഓപ്ഷന്‍ ഉണ്ട്. ട്രാന്‍സ്ഫര്‍ എ മെംബര്‍ ടു ന്യൂ മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ തുറന്ന് ഇത് ക്രമീകരിക്കാന്‍ കഴിയും.