സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് ആരോപണം; അടിമാലിയില്‍ മനംനൊന്ത വീട്ടമ്മയും രണ്ടു മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു
അടിമാലി: ബസില്‍ വെച്ച് സ്വര്‍ണ്ണ മാല മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മനംനൊന്ത അമ്മയും രണ്ടു മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 31കാരിയായ യുവതിയും മക്കളുമാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാല മോഷണ കേസില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അടിമാലിയില്‍ നിന്ന് മാങ്കുളത്തിനുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന ആനക്കുളം സ്വദേശി സരോജിനിയുടെ സ്വര്‍ണമാലയാണ് മോഷണം പോയത്. അന്വേഷണത്തില്‍ ഇവരുടെ പിന്‍സീറ്റില്‍ ഇരുന്ന യുവതിക്ക് മാല ലഭിച്ചതായി മറ്റൊരു യാത്രക്കാരിയാണ് പറഞ്ഞത്.
സഹയാത്രക്കാരി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സരോജിനി യുവതിയുടെ വീട് തേടിപ്പിടിച്ചെത്തി. തുടര്‍ന്ന് സരോജിനി മാങ്കുളം പോലീസ് ഔട്ട് പോസ്റ്റില്‍ പരാതിപ്പെടുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സിബി സിബിന്‍, നിഷാദ് എന്നിവര്‍ വിവരം അന്വേഷിക്കാന്‍ അവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെയും മക്കളെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.