നാലു ദിവസത്തെ പേമാരി തകർന്നത് മൂവായിരത്തിലധികം വീടുകൾ, രണ്ടു ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
തിരുവനന്തപുരം: മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്.
ഈ മാസം എട്ട് മുതല്‍ പതിനൊന്നാം തീയതി വരെയുള്ള മഴക്കെടുതിയുടെ നാശനഷ്ടത്തിന്‍റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വെറും നാല് ദിവസത്തെ പേമാരിയും ഉരുള്‍പൊട്ടലും കൊണ്ട് പൂര്‍ണ്ണമായും തകര്‍ന്നത് 265 വീടുകളാണ്. 2,787 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് മലപ്പുറം ജില്ലയിലാണ്. 65 വീടുകളാണ് മലപ്പുറത്ത് മാത്രം തകര്‍ന്നത്. കവളപ്പാറയിലെ കണക്കുകള്‍ പൂര്‍ണ്ണമായും ലഭിക്കുന്നതോടെ ഇതിന്‍റെ എണ്ണം ഉയരും. തൊട്ടുപിന്നാലെ ഇടുക്കി ജില്ലയാണ്. ഇടുക്കിയില്‍ മാത്രം 62 വീടുകള്‍ പൂര്‍ണ്ണമായും 314 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പാലക്കാട് ജില്ലയില്‍ 53 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു എന്നാണ് സര്‍ക്കാര്‍ കണക്ക് പറയുന്നത്.
അതേസമയം, സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ വയനാട്ടിനെ കുറിച്ചുള്ള നാശനഷ്ടത്തെ കുറിച്ചുള്ള കണക്കുകൾ പൂർണമല്ല നാട്ടില്‍ ഒരു വീട് മാത്രം തകര്‍ന്നു എന്നാണ് സര്‍ക്കാര്‍ കണക്കില്‍ പറയുന്നത്. പുത്തുമലയിലെ പാടികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ നാശനഷ്ടത്തിന്‍റെ കണക്ക് ഉയരും. സര്‍ക്കാര്‍ കണക്കില്‍ വയനാട്ടില്‍ 30 വീടുകള്‍ ഭാഗികമായി നഷ്ടം ഉണ്ടായിട്ടുണ്ട്. ആലപ്പുഴയില്‍ 410 വീടുകള്‍ ഭാഗികമായി നശിച്ചു.
സ്ഥാനത്ത് വ്യപകമായി ആകെ 1621 ക്യാമ്പുകളാണ് തുറന്നത്. 254339 ആളുകളാണ് ക്യാമ്പുകളിലെത്തിയത്. 57 പേരെ കാണാനില്ലെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. ഇതിനകം സ്ഥിരീകരിച്ച കണക്ക് വെച്ചുനോക്കുമ്പോള്‍ മരണസംഖ്യ 120 കടക്കും. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ നാശനഷ്ടം ഇനിയും കണക്കാക്കാനായിട്ടില്ല. ചുരുക്കത്തില്‍ എളുപ്പം നികത്താനാവാത്ത വലിയ നാശനഷ്ടമാണ് നാല് ദിവസത്തെ പേമാരി സംസ്ഥാനത്ത് ഉണ്ടാക്കിയത്.