Home-bannerKeralaNewsRECENT POSTS

വേമ്പനാട്ടു കായലില്‍ വെച്ച് തീപിടിച്ച ഹൗസ് ബോട്ട് ആറു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ

കോട്ടയം: യാത്രക്കാരുമായി പോകുന്നതിനിടെ ഇന്നലെ വേമ്പനാട് കായലില്‍ വെച്ച് തീപിടിച്ച ഹൗസ് ബോട്ട് ആറുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പാതിരാമണല്‍ ദ്വീപിനു സമീപം വേമ്പനാട് കായലില്‍ തീപിടിച്ച ഹൗസ് ബോട്ട് കഴിഞ്ഞ ആറു വര്‍ഷമായി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചുവന്നതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അതേസമയം ബോട്ടിന്റെ യഥാര്‍ഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പൂര്‍ണമായി കത്തിയമര്‍ന്ന ഹൗസ് ബോട്ടില്‍നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കായലില്‍ ചാടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അഗ്‌നിബാധ ഉണ്ടായ ഉടന്‍ പാതിരാമണല്‍ ദ്വീപിന് അടുത്ത്, കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചു കയറ്റിയതാണ് രക്ഷയായത്. ബോട്ട് കത്തുന്നതു കണ്ടു കായിപ്പുറം ജെട്ടിയില്‍ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമരകം ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. കായലില്‍ അലമുറയിട്ടു കരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടു ജെട്ടിയിലുമായി എത്തിച്ചത്.

കണ്ണൂരില്‍നിന്നു കായല്‍ കാഴ്ച കാണാനെത്തിയ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടില്‍ ഇവര്‍ പാതിരാമണല്‍ ദ്വീപിലേക്കു നീങ്ങിയത്. ഒന്നോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലു മുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനല്‍ ഭാഗത്താണ് അഗ്‌നിബാധ ഉണ്ടായതെന്നു ജീവനക്കാര്‍ പറയുന്നു. പാചകവാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകട കാരണമെന്നു കരുതുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button