31.1 C
Kottayam
Friday, May 17, 2024

ഹോട്ടൽമുറിയിൽ കയറി ആക്രമണം, പിന്നാലെ കൂട്ടബലാത്സംഗം; ഏഴുപ്രതികളും പിടിയിൽ

Must read

ബെംഗളൂരു: കര്‍ണാടകയിലെ ഹംഗലില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റിലായി. സാദിഖ് ബാബുസാബ്(29) നിയാസ് അഹമ്മദ് മുല്ല(19) എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്. ഇതോടെ കേസിലെ ഏഴുപ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ജനുവരി ഏഴാം തീയതിയാണ് ഹംഗലിലെ ഹോട്ടല്‍മുറിയില്‍വെച്ച് വ്യത്യസ്ത മതവിഭാഗക്കാരായ യുവതിയെയും യുവാവിനെയും ഏഴംഗസംഘം മര്‍ദിച്ചത്. ഹോട്ടല്‍മുറിയില്‍ അതിക്രമിച്ചുകയറിയ സംഘം യുവതിയെയും യുവാവിനെയും ക്രൂരമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഈ വീഡിയോ പുറത്തുവന്നതോടെയാണ് സദാചാരഗുണ്ടാ ആക്രമണം പുറത്തറിഞ്ഞത്.

ഇതിനൊപ്പം ആളൊഴിഞ്ഞസ്ഥലത്തുവെച്ചും കാറില്‍വെച്ചും യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടല്‍മുറിയിലെ മര്‍ദനത്തിന് പിന്നാലെ വനമേഖലയില്‍ കൊണ്ടുപോയി പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു അതിക്രമത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഇതോടെ സംഭവത്തില്‍ കൂട്ടബലാത്സംഗത്തിനും പോലീസ് കേസെടുക്കുകയായിരുന്നു.

ഹോട്ടല്‍മുറിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ പ്രതികള്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വനമേഖലയിലേക്കാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നാണ് യുവതി നല്‍കിയ മൊഴി. തുടര്‍ന്ന് മറ്റുചിലരെ വിളിച്ചുവരുത്തുകയും മര്‍ദിക്കുകയും ചെയ്തു. മൂന്നുപേര്‍ മാറിമാറി ബലാത്സംഗത്തിനിരയാക്കി. ഇതിനുശേഷം ബൈക്കില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് നാലുപേര്‍ കൂടി തന്നെ ബലാത്സംഗം ചെയ്‌തെന്നും യുവതി പറഞ്ഞിരുന്നു.

ഹവേരിയിലെ ഹംഗലില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് കേസ് പിന്‍വലിക്കാന്‍ പ്രതികളുടെബന്ധുക്കള്‍ പണം വാഗ്ദാനംചെയ്തതായി ആരോപണം. കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന പണംതരാമെന്നും പ്രതികളുടെ അടുത്തബന്ധുക്കള്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തി. എന്നാല്‍ ഇതിന് വഴങ്ങില്ലെന്നും കേസുമായി ഏതറ്റംവരേയും പോകുമെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, യുവതിയുടെ നിയമപോരാട്ടങ്ങള്‍ക്ക് 25,000 രൂപ കൈമാറുമെന്ന് ബി.ജെ.പി. പ്രദേശികനേതൃത്വം വ്യക്തമാക്കി. മുന്‍ മന്ത്രി ബി.സി. പാട്ടീല്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിതാമസിക്കുന്ന സാന്ത്വനകേന്ദ്രം കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.

അതേസമയം, കേസ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മറ്റേതെങ്കിലും അന്വേഷണസംഘത്തിന് കേസ് കൈമാറണമെന്നും ബൊമ്മെ ആവശ്യപ്പെട്ടു. നിലവില്‍ ഡി.വൈ.എസ്.പി.യും രണ്ടു സി.ഐ. മാരും മൂന്ന് എസ്.ഐ. മാരും അടങ്ങിയസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week