ആദ്യം അങ്ങോട്ട് മിസ്ഡ് കോള്‍ അടിക്കും, തിരിച്ച് വിളിക്കുന്നവരെ പ്രത്യേക സ്ഥലത്തേക്ക് വിളിപ്പിക്കും; യുവതി പിടിയിലായതോടെ പുറത്ത് വരുന്നത് കാസര്‍കോട്ടെ ഹണിട്രാപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍
കാസര്‍കോട്: കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി കൂടി അറസ്റ്റിലായതോടെയാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് എസ് ഐ പി നളിനാഷന്റെ നേതൃത്വത്തില്‍ ചാക്കയിലെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാജിദയെയാണ് പിടകൂടിയത്. കേസിലെ മറ്റൊരു പ്രതിയായ അബുതാഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.
സാജിതയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പെടുത്തിയതായാണ് പോലീസിന്റെ നിഗമനം. സാജിത മിസ്ഡ് കോള്‍ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിതയുടെ നമ്പറിലേക്ക് തിരികെ വിളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിക്കും. ഇവര്‍ എത്തുന്നതോടെ യുവതിക്കൊപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്.
ഇത്തരത്തില്‍ തന്നെയാണ് വ്യാപാരിയും തട്ടിപ്പില്‍ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയില്‍ നിന്നു ആദ്യം സംഘം തട്ടിയെടുത്തത്. പിന്നീട് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസില്‍ പരാതി നല്‍കുകയായിരിന്നു. സജിതയെ 14 ദിവസത്തേക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.