തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല; സി.എ.ജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നു തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണുണ്ടായതെന്നും വ്യക്തമാക്കി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ തന്നെ പിഴവ് സംഭവിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.
എസ്എപി ബറ്റാലിയനില്‍നിന്ന് 25 തോക്കുകള്‍ കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇത് കണക്കു സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണ്. പോലീസ് നടത്തിയ പരിശോധനയില്‍ ഈ 25 തോക്കുകളും പോലീസിന്റെ പക്കല്‍ തന്നെയുണ്ടെന്നു കണ്ടെത്തി. എസ്എപി ബറ്റാലിയനില്‍നിന്ന് തിരുവനന്തപുരത്തെ എ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതാണ് ഈ തോക്കുകള്‍. തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുഴപ്പങ്ങള്‍ക്കു കാരണം. സായുധ ബറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ക്കൂടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.