News

സമൂഹ മാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നു ജോ ബൈഡന്റെ നാക്കുപിഴ

വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശത്തിനെതിരേ യുക്രൈനിനെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തിലെ നാക്കുപിഴ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും കത്തിപ്പടര്‍ന്നു. യുക്രൈന്‍ ജനത എന്നു പറയുന്നതു പകരം ഇറാന്‍ ജനത എന്നു വിശേഷിപ്പിച്ചതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.

പുടിന്‍ കീവിനെ ടാങ്കുകള്‍ ഉപയോഗിച്ചു വലയം ചെയ്‌തേക്കാം, പക്ഷേ, അദ്ദേഹം ഒരിക്കലും ഇറാനിയന്‍ ജനതയുടെ ഹൃദയവും ആത്മാവും നേടുകയില്ല- ഇതായിരുന്നു ബൈഡന്‍ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ പറഞ്ഞത്. യുക്രേനിയന്‍ ജനത എന്നതിനു പകരമാണ് അദ്ദേഹം ഇറാനിയന്‍ ജനത എന്നു പറഞ്ഞത്. പറഞ്ഞു തീര്‍ന്ന നിമിഷം മുതല്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ‘ഇറാനിയന്‍’ എന്ന വാക്ക് ഉപയോഗിച്ചു ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങി.

79കാരനായ ബൈഡന്റെ നാക്കുപിഴയ്ക്കുന്നത് ഇതാദ്യമല്ല. കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു സംസാരത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഈ പോരായ്മ മറികടക്കാന്‍ അദ്ദേഹം ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. യീറ്റ്സിന്റെയും എമേഴ്സണിന്റെയുമൊക്കെ കൃതികള്‍ ദീര്‍ഘനേരം വായിച്ചാണ് അദ്ദേഹം അതിനെ തരണം ചെയ്തതെന്നു അദ്ദേഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ‘പ്രസിഡന്റ് ഹാരിസ്’ എന്നു തെറ്റായി അദ്ദേഹം വിശേഷിപ്പിച്ചതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അതേസമയം റഷ്യന്‍ സേനയെ ചെറുക്കാന്‍ യുക്രൈനിലേക്ക് ഇല്ലെന്ന് അമേരിക്ക ആവര്‍ത്തിച്ചു. എന്നാല്‍ അമേരിക്ക യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍. വാഷിംഗ്ടണില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. റഷ്യന്‍ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് യുക്രെയ്ന്‍ അധിനിവേശത്തിന് വ്‌ലാദിമിര്‍ പുടിന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ റഷ്യ വലിയ വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്‌നുമേല്‍ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന്‍, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ബൈഡന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker